ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ട് പേര്‍ മരിച്ചു. ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്.
സംഭവത്തില്‍ മരിച്ചവരില്‍ ഒരാള്‍ കുട്ടിയാണ്. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആണ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാര്‍ ഓടിച്ചിരുന്ന ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗരനായ താലിബ് എ (50) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ 2006 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്നയാളാണ്.
ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ഭീകരാക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സര്‍ക്കാര്‍ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കല്‍ റീഫും പറഞ്ഞു.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ന് മാഗ്ഡെബര്‍ഗ് സന്ദര്‍ശിക്കുമെന്നാണ് സൂചന. മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.