അങ്കാറ: തുര്‍ക്കിയെ ഞെട്ടിച്ച് ഹെലികോപ്ടര്‍ ആംബുലന്‍സ് (എയര്‍ ആംബുലന്‍സ്) അപകടത്തില്‍ 4 മരണം. ആശുപത്രിയിലെത്തിയ എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിക്ക് മുകളില്‍ നിന്ന് പറന്നുയരാന്‍ ശ്രമിച്ച എയര്‍ ആംബുലന്‍സ് ആശുപത്രി കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരില്‍ ഒരാളുമാണ് മരിച്ചതെന്നാണ് വിവരം.
തുര്‍ക്കിയിലെ പ്രശസ്തമായ മുഗ്ല ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റലിലാണ് അപകടമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ ഇടിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ കെട്ടിടത്തിനുള്ളില്‍ ഉള്ളവര്‍ക്കോ രോഗികള്‍ക്കോ പരിക്കേറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഹെലികോപ്റ്റര്‍ ആദ്യം ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ ഇടിച്ച ശേഷം നിലത്ത് പതിക്കുകയായിരുന്നുവെന്ന് മുഗ്ലയുടെ റീജിയണല്‍ ഗവര്‍ണര്‍ ഇദ്രിസ് അക്ബിയിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെട്ടിടത്തിനകത്തോ നിലത്തോ ഉള്ള ആര്‍ക്കും പരിക്കില്ല. കനത്ത മൂടല്‍മഞ്ഞിനിടെയുണ്ടായ അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു