ക്രിസ്മസ് രാത്രിയില്‍ യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 'അതിശക്തമായ അതിക്രമം' എന്നാണ് യുക്രൈനിലെ പവര്‍ ഗ്രിഡിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. യുക്രൈന് നല്‍കുന്ന സൈനിക പിന്തുണ അമേരിക്ക വര്‍ധിപ്പിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യയുടെ അതിശക്തമായ അതിക്രമത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം യുക്രൈനൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അമേരിക്ക, യുക്രൈന് നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകള്‍ നല്‍കിയതായും ആയുധ വിതരണം വര്‍ധിപ്പിക്കാന്‍ പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ വിവരിച്ചു. ഈ ക്രൂരമായ ആക്രമണത്തിന്റെ ഉദ്ദേശം ശൈത്യകാലത്ത് വൈദ്യുതി വിതരണം താറുമാറാക്കി, യുക്രേനിയന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കുകയായിരുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി.
റഷ്യ നടത്തിയ വ്യോമാക്രമണത്തെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ആക്രമണത്തിനായി പുടിന്‍ മനഃപൂര്‍വം ക്രിസ്മസ് ദിനം തിരഞ്ഞെടുത്തു, ഇതിലും മനുഷ്യത്വരഹിതമായ മറ്റെന്താണുള്ളത്' - സെലെന്‍സ്‌കി എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ ചോദിച്ചു.