വാഷിംഗ്ടണ്‍: ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ലാസ് വെഗാസില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഹോട്ടല്‍ കവാടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് സ്‌ഫോടനമുണ്ടായത്. ന്യൂ ഓര്‍ലിയാന്‍സിലെ പുതുവത്സര ദിനത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ ട്രക്ക് ഓടിച്ചുകയറ്റി വെടിയുതിര്‍ത്തിരുന്നു.
സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് നി?ഗമനം. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് എഫ്ബിഐ അന്വേഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ട്രക്കിന്റെ തകരാറുമൂലമല്ല അപകടമുണ്ടായതെന്നും ബോംബ് പോലെയുള്ള സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യമാകാം സ്‌പോടനത്തിലേക്ക് നയിച്ചതെന്നും ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു. സംഭവത്തിന് ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അറിയിച്ചു.