നല്ല പൂച്ചകണ്ണുള്ള ആളുകളെ കാണുമ്പോള്‍ എല്ലാവര്‍ക്കും ഒരു കൗതുകവും ആകര്‍ഷണവും ആയിരിക്കും. എന്നാല്‍ അതിലും വലിയ ആകര്‍ഷണവും വ്യത്യസ്തതയും ഉള്ള കണ്ണുകളുമായി ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലാകുന്നത്.
ഏഴുവയസ്സുകാരി പെണ്‍കുട്ടി ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗാകുന്നു. ജന്മനായുള്ള ഹെറ്ററോക്രോമിയ എന്ന അപൂര്‍വ്വ അവസ്ഥ മൂലം ഒരു കണ്ണിലെ കൃഷ്ണമണിക്ക് ചാരനിറവും മറ്റേത് കറുപ്പു നിറവുമുള്ള സിസി എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിയാണ് ശ്രദ്ധേയയാകുന്നത്.
കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ താമസിക്കുന്ന ഈ ഏഴുവയസ്സുകാരി സ്‌കൂളില്‍ സഹപാഠികള്‍ക്കിടയില്‍ ആരാധനാപാത്രമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി. പെണ്‍കുട്ടിക്ക് ജനനം മുതല്‍ ഹെറ്ററോക്രോമിയ ബാധിച്ചിട്ടുണ്ടെന്ന് ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മകളുടെ രണ്ടു കണ്ണുകള്‍ക്കും വ്യതസ്ത നിറമാണെന്നത് മാതാവ് ശ്രദ്ധിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ സിസി അവളുടെ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചതോടെ മറ്റുകുട്ടികള്‍ മകളെ കളിയാക്കുകയോ ഇതിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയോ ചെയ്യുമെന്നായിരുന്നു മാതാവിന്റെ വേവലാതി. എന്നാല്‍ സഹപാഠികളും അധ്യാപകരും ഏറ്റെടുക്കുകയും ഇഷ്ടപ്പെടാനും തുടങ്ങിയതോടെ ആശങ്ക മാറി. 'എന്റെ മകളുടെ കണ്ണുകള്‍ മനോഹരമാണെന്ന് അവര്‍ പറഞ്ഞു. എന്റെ പെണ്‍കുട്ടി സ്‌കൂളില്‍ ജനപ്രിയയാണ്. മറ്റ് ക്ലാസുകളിലെ ചില കുട്ടികള്‍ പോലും അവളുടെ കൂടെ കളിക്കാന്‍ വരാറുണ്ട്,' അമ്മ പറഞ്ഞു.
കുട്ടിയുടെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാനായി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ അവളുടെ കാഴ്ച സാധാരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ലോകജനസംഖ്യയില്‍ 0.063 ശതമാനം പേര്‍ക്ക് മാത്രമുള്ള അവസ്ഥയാണിത്.
അന്തരിച്ച ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ ഡേവിഡ് ബോവി വ്യത്യസ്ത നിറമുള്ള കണ്ണുകള്‍ക്ക് പ്രശസ്തനാണ്. ഐറിസില്‍ പിഗ്മെന്റിന്റെ അസാധാരണമായ വിതരണം മൂലമാണ് ഹെറ്ററോക്രോമിയ ഉണ്ടാകുന്നതെന്നാണ് ശാസ്ത്ര നിരീക്ഷണം. ഭൂരിഭാഗം ആളുകള്‍ക്കും, ഈ അവസ്ഥ നിരുപദ്രവകരമാണ്, അവരുടെ കാഴ്ചശക്തിയെ ബാധിക്കില്ല.