മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും വിറയലുമായി ആശുപത്രിയിലെത്തിയ യുവതിയുടെ എക്സ് റേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. റഷ്യയിലാണ് സംഭവം. സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ എകതെറിന ബദുലിനയാണ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ആദ്യഘട്ടത്തില്‍ ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ലെന്ന് മാത്രമല്ല, അസുഖം മൂര്‍ച്ഛിക്കുകയും ചെയ്തു. ന്യൂമോണിയയാണെന്ന് സംശയിച്ചെങ്കിലും പന്തികേട് തോന്നിയ ഡോക്ടര്‍ എക്സ് റേയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എക്സ് റേയില്‍ ശ്വാസകോശത്തില്‍ ലോഹത്തിന്റെ ചെറിയ സ്പ്രിങ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തുടര്‍ പരിശോധനയില്‍ 5 മുതല്‍ 16 മില്ലിമീറ്റര്‍ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തില്‍ കുടുങ്ങിയതായി സ്ഥിരീകരിച്ചു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്ന അവസ്ഥയിലാണ് 34കാരിയെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. 27-ാം വയസ്സില്‍ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു.
ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലില്‍ 33 ട്യൂബുകള്‍ സ്ഥാപിച്ചു . ആ വര്‍ഷം അവള് 20 ശസ്ത്രക്രിയക്ക് വിധേയയായി. സര്‍ജറിക്കിടെയാണ് ശരീരത്തില്‍ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ നെഞ്ചിലെത്തിയതാണെന്നുമാണ് നിഗമനം. നാളെ ഏത് നിമിഷവും മരണത്തിന് കീഴടങ്ങിയേക്കാമെന്നും എങ്കിലും ശുഭാപ്തി വിശ്വാസിയാണെന്നും യുവതി കുറിച്ചു.