കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടത്തില്‍ ഇന്നലെയാണ് മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിഗോഷ് കുമാറിന്റെയും ഷമീര്‍ അബ്ദുള്‍ റഹിമിന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് ഈ കൂട്ടത്തില്‍ പരിഗണിക്കുന്നുണ്ട്.
അതേസമയം ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗം പ്രൊഫസര്‍ ഡോ. വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ഇവര്‍ ട്രീറ്റ്മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയ വിനിമയം നടത്തി. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നുവെന്നും കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.