മുംബൈ: ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുമ്പോള്‍ സാധാരണ പൊതു അവധി ദിനം കൂടിയാണ്. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധി നല്‍കാറുണ്ട്. എന്നാല്‍ ഇതില്‍ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് മഹാരാഷ്ട്ര.
മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഉണ്ടാകില്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അവധി നല്കുന്നതിനു പകരമായി, കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
ഈ വര്‍ഷം മുതല്‍ അവധി ഒഴിവാക്കാനാണ് തീരുമാനം. അന്നേ ദിവസം സ്കൂളുകളില്‍ കുട്ടികള്‍ക്ക് മുഴുവന്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. സ്വകാര്യ സ്കൂളുകള്‍ക്കും ഇത് ബാധകമാണെന്ന് അറിയിപ്പില്‍ പറയുന്നു. റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തലിനു ശേഷം മാര്‍ച്ച് പാസ്റ്റ് നടത്തും. തുടര്‍ന്നാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഒരു വിഭാഗം അധ്യാപകരും ഇതിനെതിരെ രംഗത്തെത്തി കഴിഞ്ഞു. ദിവസം മുഴുവന്‍ ആഘോഷം സംഘടിപ്പിക്കേണ്ട കാര്യമെന്താണ് എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.