കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളുടെ ശിക്ഷ വിധി ഇന്ന് അറിയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പേര്‍ക്കാണ് കൊച്ചി സിബിഐ കോടതി ശിക്ഷ വിധിക്കുക. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സിപിഎമ്മിന്റെ നാല് നേതാക്കള്‍ അടക്കം 14 പേര്‍ക്കുള്ള ശിക്ഷയാണ് കൊച്ചി സിബിഐ കോടതി വിധിക്കുക. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം വരുന്നത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്.
2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്ത്ലാലും വെട്ടേറ്റ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈം ബ്രാഞ്ച് 14 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് എങ്കിലും മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചത്. കൊച്ചി സിബിഐ കോടതിയിലെ ജഡ്ജി എന്ന ശേഷാദ്രിനാഥനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.