2025 ജനുവരി മുതൽ യുകെയിലെ വിദേശ പൗരന്മാരെയും ഇരട്ട പൗരത്വമുള്ളവരേയും ഒരേപോലെ ബാധിക്കുന്ന നിയമമാണ് ഇ വിസയിലേക്കുള്ള മാറ്റം. കഴിഞ്ഞ ഏതാനും വർഷങ്ങളായി യുകെ സർക്കാർ ഇതിന്റെ പ്രചാരണത്തിൽ ആണെങ്കിലും പത്തുലക്ഷത്തിലേറെ വിദേശികൾ ഇപ്പോഴും മാറാനുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നു.
പുതുവർഷം മുതൽ ഹോം ഓഫീസ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിനാൽ യുകെയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഫിസിക്കൽ ഇമിഗ്രേഷൻ രേഖകൾ അഥവാ പേപ്പർ രേഖകൾ പുതുവർഷത്തിൽ കാലഹരണപ്പെടും.
വിദേശ പൗരന്മാർക്ക് യുകെയിലേക്ക് യാത്ര ചെയ്യാനോ ജോലിചെയ്യാനുള്ള അവകാശം തെളിയിക്കാനോ ഫ്ലാറ്റ് - വീട് എന്നിവ വാടകയ്ക്കെടുക്കാനോ ഇനിമുതൽ ഡിജിറ്റൽ രേഖകൾ നൽകേണ്ടി വരും.
ഇതുമൂലം വിമാനക്കമ്പനികൾ, ഫെറി, അന്താരാഷ്ട്ര ട്രെയിൻ ഓപ്പറേറ്റർമാർ എന്നിവർക്ക് അവരുടെ ഉപഭോക്താക്കൾ യാത്രാ രേഖകൾ നൽകുമ്പോൾ അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് വെബ്‌സൈറ്റിൽ സ്വയമേവ ആക്സസ് ചെയ്യാൻ കഴിയും.
എന്നാൽ ആളുകളുടെ ഐഡന്റിറ്റികൾ ഒരുമിപ്പിക്കുന്നത് പോലുള്ള ഹോം ഓഫീസ് സംവിധാനങ്ങളിലെ മുൻ തകരാറുകൾ പുതുവർഷത്തിൽ പുതിയ ഡിജിറ്റൽ റോൾഔട്ടിനെ ബാധിക്കുമെന്ന് കുടിയേറ്റക്കാരുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റികളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം കാലാവധി കഴിഞ്ഞ രേഖകൾക്ക്, അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡ് ഉപയോഗിച്ച് സുഗമമായ മാറ്റം ഇനിയും നടത്താനാകുമെന്ന് സർക്കാർ പറയുന്നു.
വിസമാറ്റ നടപടികളും ഷെയർ കോഡും
ഒരു വ്യക്തിയുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന സർക്കാർ നൽകിയ മിക്ക രേഖകളും 31 ഡിസംബർ 2024 അർദ്ധരാത്രിയിൽ കാലഹരണപ്പെടും. അതിനുപകരം ഓൺലൈനിൽ പരിശോധിക്കാൻ സാധിക്കുന്ന ഡിജിറ്റൽ രേഖകളാകും ഉപയോഗിക്കുക.
2025 ജനുവരിമുതൽ കുടിയേറ്റക്കാർ, സർക്കാർ വെബ്സൈറ്റായ വ്യൂ ആൻഡ് പ്രൂവ് ഉപയോഗിച്ച് അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കേണ്ടതുണ്ട്.
അവർക്ക് ഒരു ഇ-വിസ ഉണ്ടെന്ന് ഇത് കാണിക്കുകയും ഉപയോക്താവിന് ഒരു ഷെയർ കോഡ് നൽകുകയും ചെയ്യും, ഈ ഷെയർ കോഡ് അവരുടെ നിലവിലെ വിസ സ്റ്റാറ്റസ് തെളിയിക്കാനായി മറ്റുള്ളവർക്ക് നൽകാൻ കഴിയും.
ഡിസംബർ 31 ന് മുമ്പ് വിദേശ പൗരന്മാർ അവരുടെ ഇ-വിസ ആക്സസ് ചെയ്യുന്നതിന് യുകെവിഐ അക്കൗണ്ട് സജ്ജമാക്കണം. യാത്രാ ദാതാക്കളെ പരിശോധന നടത്താൻ അനുവദിക്കുന്നതിനായി അവരുടെ ഓൺലൈൻ അക്കൗണ്ട് പാസ്പോർട്ട് പോലുള്ള ഫിസിക്കൽ യാത്രാ രേഖകളുമായി ബന്ധിപ്പിക്കും.
അന്താരാഷ്ട്ര യാത്രകളെ എങ്ങനെ ബാധിക്കും?
ചെക്ക്-ഇൻ നടപടിക്രമങ്ങളുടെ ഭാഗമായി എയർലൈൻ കാരിയർമാർ ആദ്യം ഓട്ടോമേറ്റഡ് സ്റ്റാറ്റസ് പരിശോധനകൾ ഉപയോഗിക്കും.
ഈ പരിശോധനകൾ പരാജയപ്പെടുകയാണെങ്കിൽ, യുകെയിൽ പ്രവേശിക്കാൻ ആ വ്യക്തിയ്ക്ക് അവകാശമുണ്ടോയെന്ന് പരിശോധിക്കാൻ അവർക്ക് വ്യൂ ആൻഡ് പ്രൂവ് വെബ്സൈറ്റ് ഉപയോഗിക്കാം.
ഫെറി, അന്താരാഷ്ട്ര ട്രെയിൻ ഓപ്പറേറ്റർമാർക്ക് അവരുടെ യാത്രക്കാരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇതുപോലെ ആക്സസ് ചെയ്യാൻ കഴിയണം.
യാത്രക്കാർ അവരുടെ യാത്രാ രേഖകൾ യുകെ വിസ, ഇമിഗ്രേഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.
പഴയരേഖകളുടെ പരിശോധനങ്ങൾക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാൽ, ഇ വിസയില്ലാത്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സമയം ചെക്കിങ്ങിനായി വിനിയോഗിക്കേണ്ടി വരും.
ഇനിയും മാറാനുള്ളവർ?
ഡിസംബർ ആദ്യം വരെ, 3.1 ദശലക്ഷം പേർ ഇതിനകം ഭൗതിക രേഖകളിൽ നിന്ന് ഇ-വിസയിലേക്ക് മാറിയതായി ഹോം ഓഫീസ് അറിയിച്ചു. എന്നിരുന്നാലും ആകെ നാല് ദശലക്ഷത്തിലധികം ആളുകൾ ഇ-വിസകളിലേക്ക് മാറേണ്ടതുണ്ടെന്ന് കരുതപ്പെടുന്നു.
ഡിസംബർ ആദ്യംവരെ ഇതുവരെയും ഇ വിസയിലേക്ക് മാറ്റം വരുത്താത്ത പത്തുലക്ഷം ആളുകൾ ഇപ്പോഴും അവശേഷിപ്പിക്കുന്നു.
അനുവദിച്ചിട്ടുള്ള ഗ്രേസ് പിരിയഡ് എത്രയാണ്?
ഇനിയും ഇ വിസയിലേക്ക് മാറാത്തവർക്ക് മാറ്റത്തിനായി മൂന്നുമാസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്.
മാർച്ച് 31 വരെ പേപ്പർ റെക്കോർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഗ്രേസ് പിരീഡ് ഉണ്ടാകുമെന്ന് ഹോം ഓഫീസ് ഡിസംബറിലാണ് പ്രഖ്യാപിച്ചത്.
ഈ ഗ്രേസ് പിരിയഡ് പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും" വേണ്ടിയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
മാർച്ച് 31 വരെ ബ്രിട്ടനിനിൽ എത്തുന്ന യുകെ വിസ ഉടമകളുടെ കാലഹരണപ്പെട്ട ബയോമെട്രിക് റെസിഡൻസ് പെർമിറ്റുകളും കാർഡുകളും സ്വീകരിക്കാൻ എയർലൈനുകൾക്കും മറ്റ് വിമാനക്കമ്പനികൾക്കും അനുവാദം നൽകിയിട്ടുണ്ട്.
അതുപോലെ യുകെയിലെ വിസ അവകാശങ്ങൾ തെളിയിക്കാൻ പാസ്പോർട്ടിൽ മഷി സ്റ്റാമ്പോ വിഗ്നറ്റോ ഉപയോഗിക്കുന്ന നിലവിൽ ഇൻഡെഫെനിറ്റ് ലീവ് അഥവാ ദീർഘകാല താമസത്തിലുള്ള ആർക്കും ഇന്നത്തെപ്പോലെ പഴയ പേപ്പർ രേഖകൾ ഉപയോഗിക്കുന്നത് ഗ്രേസ് പിരിയഡ് വരെ തുടരാൻ കഴിയുമെന്നും ഹോം ഓഫീസ് അറിയിക്കുന്നു.