ഭാര്യയെ ടിവി കാണാന്‍ ഇരുത്തി അലക്കിയ തുണി വിരിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവ് ഭാര്യയെ കണ്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. പക്ഷേ രണ്ടുവര്‍ഷം മുന്‍പ് കാണാതായ ഭാര്യയുടെ മൃതദേഹമാണ് കാണാനായത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ് ഭാര്യയെ കണ്ടെത്തുന്നതിലേക്ക് വഴിനയിച്ചത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട ദുരൂഹതയ്ക്ക് വിരാമമായി. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബെല്‍ജിയത്തിലെ ആന്‍ഡെനില്‍ താമസിക്കുന്ന 83 -കാരിയായ പോളറ്റ് ലാന്‍ഡ്രിയക്സിനെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായത്.
അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു ഇവര്‍. വീട്ടില്‍ നിന്നും ഇവര്‍ ഇറങ്ങിപ്പോകുന്നത് പതിവായിരുന്നെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ വീട്ടിലേക്ക് ഇവര്‍ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങള്‍ ഏറെ അന്വേഷിച്ചെങ്കിലും ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
അല്‍ഷിമേഴ്‌സ് രോഗി ആയിരുന്നതുകൊണ്ടുതന്നെ അടിസ്ഥാന കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ പോളറ്റ് ലാന്‍ഡ്രിയക്സ് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഭര്‍ത്താവ് മാര്‍സെല്‍ ടാരറ്റ് ആയിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്.
2020 നവംബര്‍ 2 -ന്, മാര്‍സെല്‍ ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കി ടിവി കാണാന്‍ ഇരുത്തിയതിനുശേഷം അലക്കിവെച്ച തുണികള്‍ വിരിക്കാനായി പുറത്തുപോയി വന്നപ്പോഴാണ് പോളറ്റിനെ കാണാതായത്. തുടര്‍ന്ന് വീടും പരിസരവും മുഴുവന്‍ മാര്‍സെല്‍ ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും ആരും പോളറ്റിനെ കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും വ്യാപകമായി തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
'ഒടുവില്‍ തന്റെ ഭാര്യയെ ഒരിക്കലും കാണാനാകില്ല എന്ന വിശ്വാസത്തിലേക്ക് മാര്‍സെല്‍ സ്വയം ഒതുങ്ങി. എന്നാല്‍ 2022 -ന്റെ അവസാനത്തോടെ അപ്രതീക്ഷിതമായി ഒരു പ്രത്യാശയുടെ വെളിച്ചം ഉയര്‍ന്നു വന്നു. മാഴ്‌സലിന്റെ അയല്‍ക്കാരിലൊരാള്‍, ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനം ഉപയോഗിക്കുമ്പോള്‍, ഒരു ഫോട്ടോയില്‍ പോളറ്റിനെ കണ്ടെത്തി. വീട്ടില്‍ നിന്ന് ഇറങ്ങി ഒരു ഫുട്പാത്തിലൂടെ അവര്‍ കുറ്റിക്കാട്ടിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു അത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിക്കാടിനുള്ളില്‍ ഒരു കുഴി കണ്ടെത്തി. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ മറഞ്ഞിരുന്ന ആ കുഴിക്കുള്ളില്‍ നിന്നും വര്‍ഷങ്ങള്‍ക്കുശേഷം പോളറ്റിന്റെ മൃതദേഹം വീണ്ടെടുത്തു.