ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംഭാഷണങ്ങളും വിവരങ്ങളും ചോര്‍ത്തിയെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ആപ്പിള്‍. 95 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്.
തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്.
ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ആപ്പിള്‍ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇവ പരസ്യദാതാക്കള്‍ക്ക് നല്‍കിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന കേസില്‍ ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിച്ചിരുന്നു.
ഉപഭോക്താക്കള്‍ 'ഹേയ് സിരി' എന്ന് പറഞ്ഞാല്‍ മാത്രമാണ് സിരി പ്രവര്‍ത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ സിരി ഇത്തരത്തില്‍ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ പറയുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പരസ്യദാതാക്കള്‍ക്ക് നല്‍കുകയും പിന്നീട് ഈ പരസ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലെ സോഷ്യല്‍ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഒത്തുതീര്‍പ്പിനായി നല്‍കുന്ന തുക 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി തീരുമാനം. എന്നാല്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കള്‍ക്ക് 20 ഡോളര്‍ വീതമാണ് നല്‍കുക.