ശരിക്കും 24 മണിക്കൂറില്‍ തീരാത്ത പണികള്‍ എല്ലാവരുടെയും വീടുകളില്‍ കാണും. പാത്രം കഴുകുക, വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, തുണി നനയ്ക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജോലികളാണ് വീട്ടിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ വംശജനായ സിഇഒയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പാത്രങ്ങള്‍ കഴുകിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
അതിന് പകരം അതിനേക്കാള്‍ മൂല്യവത്തായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്നും രവി അബുവാല ലിങ്ക്ഡ്ഇന്നില്‍ കുറിക്കുന്നു. 4 വര്‍ഷമായി താന്‍ പാത്രങ്ങള്‍ കഴുകിയിട്ടില്ല. അത് ഞാന്‍ മടിയനായതുകൊണ്ടല്ല. കാരണം എന്റെ സമയത്തിന് മണിക്കൂറില്‍ $5,000 (4,28,832.65 Indian Rupee) ആണ് വില എന്നാണ് രവി കുറിക്കുന്നത്. പാത്രം കഴുകുന്നത് മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പണിയാണ്.
കണക്കുകള്‍ വളരെ വ്യക്തമാണ് എന്നും പാത്രം കഴുകുന്നത് തന്റെ സമയം അപഹരിക്കുമെന്നും ആ സമയത്ത് തനിക്ക് ഇത്രയധികം പണമുണ്ടാക്കാനുള്ള ജോലി ചെയ്യാമെന്നുമാണ് രവി പറയുന്നത്. അതിനാല്‍ തന്നെ മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പാത്രം കഴുകുന്നത് നിര്‍ത്തി നിങ്ങളുടെ മൂല്യത്തിന് അനുസരിച്ചുള്ള പണം കിട്ടുന്ന ജോലി ചെയ്യാനാണ് രവി പറയുന്നത്.
എന്തായാലും പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ചിലരെല്ലാം പോസ്റ്റിനെ അനുകൂലിച്ചിട്ടുണ്ട്. അത് ശരിയാണ് എന്നും വെറുതെ സമയം അപഹരിക്കുന്ന പണികളാണ് ഇത്തരത്തിലുള്ളത് എന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അതിനെ വിമര്‍ശിച്ചവരും ഉണ്ട്. ഒരു സാധാരണക്കാരനായ തൊഴിലാളിക്ക് ഇങ്ങനെ പറയാനുള്ള പ്രിവിലേജ് ഇല്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.