ഈസ്റ്റ് ലണ്ടന്‍: പാരമ്പര്യം കൊണ്ടും പ്രൗഢി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വളരെ പ്രൗഢഗംഭീരമായി ഈ മാസം പതിനൊന്നിന് ശനിയാഴ്ച രണ്ടു മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍ ഉള്ള ക്യാമ്പ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായി ആഘോഷിക്കുന്നു. വ്യത്യസ്തത കൊണ്ടും പരിപാടികളുടെ ബാഹുല്യവും ഉയര്‍ന്ന നിലവാരവും കൊണ്ടും വേറിട്ടു നില്ക്കുന്ന ഈ മലയാളി അസോസിയേഷന് ഇത്തവണയും വേറിട്ട പരിപാടികളുമായാണ് എത്തുന്നത്.
കൃത്യം രണ്ടുമണിക്ക് തന്നെ ആരംഭിക്കുന്ന ആഘോഷം മികവുറ്റതാക്കാന്‍ വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. സംഗീതവും നൃത്തവും നാടകവും തമാശയും എല്ലാം കോര്‍ത്തിണക്കിയുള്ള വ്യത്യസ്ത പരിപാടികള്‍ മികവുറ്റതാക്കാന്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഹോരാത്രം പരിശ്രമിക്കുകയാണ്.
ഈ അവസരത്തില്‍ തന്നെ പ്രശസ്ത മലയാള സിനിമ സംവിധായകന് ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ശാന്തമീ രാത്രിയില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും നടക്കുന്നു. ആടുജീവിതം ഫെയിം ഗോകുല്‍, ദൃശ്യം ഫെയിം എസ്തര് അനില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത അഭിനേതാക്കളായ ടിനി ടോം, കൈലാഷ്, പ്രമോദ് വെളിയനാട്, സിദ്ധാര്‍ഥ് ഭരതന്, മാല പാര്‍വതി, വിജി വെങ്കിടേഷ്, ജീന്‍ പോള്‍ ലാല്‍, അര്ജുന്, നേഹ എന്നിവരും അണിനിരക്കും. ഇവരില്‍ എസ്തര് അനില്‍ അടക്കമുള്ള പല അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും നിര്‍മ്മാതാക്കളുടെയും സാന്നിധ്യവും ഉണ്ടാകും. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും എല്ലാ എല്‍മ അംഗങ്ങളിലും പ്രകടമാണ്.
രുചികരമായ തനി നാടന്‍ കേരളീയ ഭക്ഷണവും, ഡിജെയും കൊണ്ടു സമ്പന്നമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും പരിപാടിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി എല്‍മയുടെ ഭാരവാഹികള്‍ ആയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.