കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളായ എം.വി. ജയരാജരന്‍, പി. ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ എത്തി രക്തഹാരം അണിയിച്ച് നാലുപേരെയും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഹൈകോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചതോടെയാണ് ഇവര്‍ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുങ്ങിയത്.
രാവിലെയോടെ ഹൈക്കോടതി ഉത്തരവ് ജയിലില്‍ എത്തിച്ചാണ് പ്രതികളെ പുറത്തിറക്കിയത്. മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ മണികണ്ഠന്‍, കെ വി ഭാസ്‌കരന്‍ എന്നിവരാണ് മോചിതരായത്. അഞ്ച് വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് സിബിഐ കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്.
അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. അതുവരെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ച കോടതി, തുടര്‍ന്നാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാല്‍ (24) എന്നിവരെ സി.പി.എം പ്രവര്‍ത്തകരടക്കമുള്ള പ്രതികള്‍ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍ ഡിസംബര്‍ 28ന് കോടതി വെറുതെ വിട്ടിരുന്നു.